തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നീക്കങ്ങളുമായി കെഎസ്ഇബി. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും.
കൂടുതൽ വൈദ്യുതി കണ്ടെത്തുകയെന്ന് ലക്ഷ്യമിട്ട് വ്യാഴാഴ്ച അദ്ദേഹം ന്യൂക്ലിയർ പവർ കോർപറേഷൻ ചെയർമാനെ നേരിൽ കണ്ട് ചർച്ച നടത്തും. നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്ര നിലയങ്ങളിൽ നിന്നും മറ്റ് അടിയന്തര മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് ബോർഡിന്റെ ശ്രമം.
അതേസമയം ഹിമാചൽപ്രദേശിൽ നിന്നും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതിയുടെ ഉയർന്ന നിരക്ക് കുറയ്ക്കുന്നതിനായി കെഎസ്ഇബി ഇമെയിൽ അയച്ചിട്ടുണ്ട്. രാത്രിയും പകലും ഒരേ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ പ്രദേശ് സർക്കാരിന്റെ നിലപാട്. നിലവിൽ യൂണിറ്റിന് 13.50 രൂപ നിരക്കിലാണ് അവർ വൈദ്യുതി വാഗ്ദാനം ചെയ്തിട്ടുള്ളത്.
എന്നാൽ ഈ വ്യവസ്ഥയനുസരിച്ച് രാത്രിയിൽ 80 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാക്കാൻ സാധിക്കുക. ഈ സാഹചര്യത്തിലാണ് വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയുള്ള പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. നിരക്ക് ഇളവുകളോടെ കൂടുതൽ വൈദ്യുതി ഉറപ്പാക്കാനായാൽ സംസ്ഥാനത്തെ പ്രതിസന്ധി വലിയൊരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.